തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 27 ജനുവരി 2016 (08:17 IST)
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഗവര്‍ണര്‍ക്ക് നല്കും. ബാബുവിനെതിരെയുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറുന്നത്.
ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു തൊട്ടു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച ആയിരുന്നു രാജി സമര്‍പ്പിച്ചത്. എന്നാല്‍, വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനു വേണ്ടി രാജി ഗവര്‍ണര്‍ക്ക് കൈമാറാതെ ഇരിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കോടതിയും കൈവിട്ട സാഹചര്യത്തിലാണ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
അതേസമയം, ഔദ്യോഗിക വസതി ഒഴിയുന്നതിനുള്ള നടപടികള്‍ കെ ബാബു സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ, എം എല്‍ എ ഹോസ്റ്റലില്‍ പുതിയ മുറിക്ക് അപേക്ഷ നല്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം മുന്നൂ മണിക്ക് എക്സൈസ്, ഫിഷറീസ്, തുറമുഖ വകുപ്പിലെ ജീവനക്കാര്‍ ഒരുമിച്ച് ബാബുവിന് യാത്രയയപ്പും ഒരുക്കിയിട്ടുണ്ട്. ധനമന്ത്രി കെ എം മാണി രാജി സമര്‍പ്പിച്ചപ്പോള്‍ അന്നു തന്നെ മുഖ്യമന്ത്രി രാജി സ്വീകരിച്ചിരുന്നു. ഗണേഷ് കുമാര്‍ രാജി വെച്ചപ്പോള്‍ പിറ്റേദിവസം തന്നെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.