കോടതി ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (16:23 IST)
പത്തനംതിട്ട: യുവാവിന് കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണ എന്ന 28 കാരിയെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട പറക്കോണം സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താൻ ഹൈക്കോടതിയിൽ സ്റ്റെനോ ആണെന്നും അവിടെ തന്റെ സ്വാധീനം ഉപയോഗിച്ച് ഓഫീസ് അസിസ്റ്റന്റ്റ് ആയി ജോലി തരപ്പെടുത്താമെന്നും വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്. ഇത് വിശ്വസിച്ചു യുവാവ് ആദ്യം 9000 രൂപയും പിന്നീട് 345250 രൂപയും നൽകി. പിന്നീടും ഒരു ലക്ഷം രൂപ നേരിട്ടും നൽകി.

ഇത് കൂടാതെ യുവാവിന്റെ സഹോദരങ്ങൾ, സുഹൃത്ത് എന്നിവർക്ക് ഡ്രൈവർ തസ്തികയിൽ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞു ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു. തുടർന്ന് യുവാവിന് വ്യാജ നിയമന ഉത്തരവുകൾ വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തു. എന്നാൽ യുവാവ് ഇതിൽ സംശയിച്ചതോടെ യുവാവിന് യുവതി 6 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി.

ചെക്ക് മടങ്ങിയതോടെ സംഗതി ചതിയാണെന്നു കണ്ട യുവാവ് കേസുകൊടുത്തു. ഇതോടെ യുവതി ജാമ്യമെടുത്ത ശേഷം ഒളിവിൽ പോയി. അടുത്ത് തന്നെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് യുവതിയെ പിടികൂടുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :