തൃശൂർ|
സജിത്ത്|
Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (20:53 IST)
ജിഷ്ണു പ്രണോയിയുടെ മണത്തോടെ കുപ്രസിദ്ധിലേക്ക് ഉയർന്ന പാമ്പാടി നെഹ്റു കോളജിലെ വൈസ് പിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. കോളേജിലെ ശുചിമുറി, ഇടിമുറി, കോളജ് പിആർഒ കെ.വി സഞ്ജിത്തിന്‍റെ മുറി, ജിഷ്ണു മരിച്ചുകിടന്ന ഹോസ്റ്റൽ മുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്.
പൊലീസ് കണ്ടെത്തിയ രക്തക്കറ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരിച്ച ജിഷ്ണുവിന്‍റെ രക്തമാണോ ഇത് എന്ന് ഉറപ്പിക്കുന്നതിനാണ് ഈ പരിശോധന. ഇന്നു നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. വെള്ളിയാഴ്ച കോളജ് വീണ്ടും തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് ഇന്നു പൊലീസ് സംഘം വീണ്ടും കോളജിൽ പരിശോധന നടത്തിയത്.
നേരത്തെ, ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരെയും പ്രതികളാക്കിയിരുന്നു. പ്രേരണക്കുറ്റം, മർദനം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഒപ്പിടൽ എന്നീ എട്ട് വകുപ്പുകൾ ചേർത്താണ് അഞ്ച് പേർക്കെതിരെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.