ജിഷയുടെ അയല്‍‌വാസി അമീറുലിനെ തിരിച്ചറിഞ്ഞു; തിരിച്ചറിയല്‍ പരേഡ് നടന്നത് കാക്കനാട് ജില്ലാ ജയിലില്‍

തിരിച്ചറിയൽ പരേഡ് ജയിൽ സൂപ്രണ്ടിന്റെ ചേംബറിലാണ് നടന്നത്

ജിഷ വധം , അമീറുൽ ഇസ്‌ലാം , ജിഷ
കൊച്ചി| jibin| Last Updated: തിങ്കള്‍, 20 ജൂണ്‍ 2016 (16:47 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതക കെസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ ജിഷയുടെ അയല്‍‌വാസിയായ സ്‌ത്രീ തിരിച്ചറിഞ്ഞു. അയല്‍ വാസിയായ ശ്രീലേഖയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണു പരേഡ് നടന്നത്. മജിസ്ട്രേട്ട് ഷിബു ഡാനിയേലിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

അമീറുൽ ഇസ്‌ലാമിനൊപ്പം സമാന ശരീര പ്രകൃതിയുള്ള ഇതര സംസ്ഥാനക്കാരടക്കം ആറു മുതൽ 15 പേരെയാണ് പരേഡില്‍
അണിനിരത്തിയത്. ഇവരില്‍ നിന്നാണ് ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കനാലില്‍ കാല്‍കഴുകി പ്രതി പോകുന്നതാണ് അയല്‍വാസിയായ ശ്രീലേഖ കണ്ടത്. പ്രതിയെ ശ്രീലേഖ തിരിച്ചറിഞ്ഞത് കേസില്‍ അന്വേഷണ സംഘത്തിന് തുണയാകും.

തിരിച്ചറിയൽ പരേഡ് ജയിൽ സൂപ്രണ്ടിന്റെ ചേംബറിലാണ് നടന്നത്. പ്രതിയെയും മറ്റുള്ളവരെയും ഇടകലർത്തി മുറിയിൽ നിർത്തിയ ശേഷം സാക്ഷികളെ ഓരോരുത്തരെയായി മുറിയിലേക്കു വിളിപ്പിച്ചായിരുന്നു പരേഡ്. മജിസ്ട്രേട്ട് മാത്രമായിരുന്നു
പരേഡ് സമയത്തു സൂപ്രണ്ടിന്റെ ചേംബറില്‍ ഉണ്ടായിരുന്നത്.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഒഴിവാക്കി ശ്രീലേഖയെ പൊലീസ് വാഹനത്തില്‍ ജയിലിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് ശ്രീലേഖ തിരിച്ചറിയല്‍ പരേഡിന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. അയല്‍വാസി തിരിച്ചറിഞ്ഞതോടെ പ്രതിയെ കസ്റ്റ്ഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :