തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:08 IST)
അടുത്തയാഴ്‌ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ബന്ധുനിയമന വിഷയം ആളിക്കത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷയാണ് ഇപി ജയരാജന്റെ രാജിയോടെ അവസാനിച്ചത്. ബന്ധുനിയമനത്തില്‍ പിണറായി വിജയനെ വെള്ളം കുടിപ്പിക്കാമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും മോഹം അവസാനിക്കുകയായിരുന്നു.
അഴിമതി ആരോപണം ഉയര്‍ന്നാലും ജയരാജന്‍ രാജിവെക്കില്ല എന്നായിരുന്നു പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്. സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ച് പിണറായി ഇപിയെ സംരക്ഷിക്കുമെന്നാണ് ചെന്നിത്തല അടക്കമുള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍ ഈ ചിന്തകളെ കര്‍ക്കശക്കാരനായ പിണറായി വിജയന്റെ ഇല്ലാതാക്കുകയായിരുന്നു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണവും കോടതി വിമര്‍ശനവും ഉണ്ടായിട്ടും തൊടുന്യായങ്ങള്‍ പറഞ്ഞ് രാജിവയ്‌ക്കാത്ത നിരവധി മന്ത്രിമാര്‍ ഉണ്ടായിരുന്നു. ബാര്‍ കോഴയില്‍ കെ എം മാണിയും കെ ബാബുവും കുടുങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ പരക്കം പാഞ്ഞത് ഉമ്മന്‍ചാണ്ടിയായിരുന്നു.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പോലും രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു യു ഡി എഫ് കാലത്തെ തീരുമാനം.
എന്നാല്‍ അടുപ്പക്കാരനായ ജയരാജന് അനുകൂലമായ ഒരു നടപടിയും പിണറായി വിജയനില്‍ നിന്നുണ്ടായില്ല. ഇതിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന് ധാര്‍മികതയാണ് വലുതെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു പിണറായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വിനയായത് അഴിമതിയാണെന്ന ഉറച്ച വിചാരം ഇടതുമുന്നണിക്കുണ്ടായിരുന്നതും ജയരാജന്റെ രാജിക്ക് കാരണമായി.