തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 2 മാര്‍ച്ച് 2016 (22:25 IST)
അഭിനയം നോക്കിയല്ല ശരീരത്തിന്റെ വലുപ്പവും നിറവും നോക്കിയാണ് ഇവിടെ പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ്. ഈ രണ്ടു കാര്യങ്ങളും ഇല്ലാത്ത തന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ആരുമില്ല. പുരസ്‌കാരത്തിന്റെ അവസാന റൌണ്ട് വരെ താന്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു. വലിയ വലിയ നടന്‍മാര്‍ ഉള്ളപ്പോള്‍ നമുക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കവര്‍ പേജില്‍ പോലും തന്റെ ചിത്രം അച്ചടിച്ചു വന്നിട്ടില്ല. തന്നെ പോലെയുള്ളവരെ രണ്ടാം നിര നടന്മാരായിട്ടാണ് ഇവിടെ എല്ലാവരും കാണുന്നത്. സുരാജിനും സലീം കുമാറിനും ദേശിയ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ഇവിടെ അവര്‍ അവഗണിക്കപ്പെട്ടു. ഹാസ്യതാരത്തിനും മറ്റുമുള്ള പുരസ്‌കാരങ്ങളാണ് അവര്‍ക്ക് ഇവിടെ ലഭിച്ചത്. ഇന്ത്യന്‍ സിനിമയില്‍ വേര്‍തിരിവ് ഇല്ലെങ്കിലും ഇവിടെ അതുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
താരത്തിന്റെ നിറമോ ശരീരത്തിന്റെ വലുപ്പമോ നോക്കി നല്ല സിനിമകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാതിരിക്കരുത്. പുരസ്‌കാരം ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ല. എന്നാല്‍, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയവരെ അഭിനന്ദിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.