അതിമോഹം വേണ്ട, തത്ത ചിറകടിച്ച് പറക്കും - മറുവശത്ത് പിണറായിയാണ്!

തത്ത ചിറകടിച്ച് പറക്കും, പ്രതിപക്ഷത്തിന്റെ മോഹം എന്തെന്ന് മുഖ്യമന്ത്രിക്കറിയാം

   jacob thomas , pinarayi vijayan , CPM , kodiyeri balakrishnan , ജേക്കബ് തോമസ് , കോടിയേരി ബാലകൃഷ്‌ണന്‍ , സി പി എം , വിജിലന്‍സ് ഡയറക്‍ടര്‍ , തത്ത
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:12 IST)
വിജിലന്‍സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന തീരുമാനം സിപിഎം എടുത്തതും അദ്ദേഹത്തെ തത്സ്ഥാനത്തു നിന്നും നീക്കിയാല്‍ പ്രതിപക്ഷം ആയുധമാക്കുമെന്നതുമാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമാകുന്നത്.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി മുഖ്യമന്ത്രി വിഷയത്തില്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗവും ചേര്‍ന്നു. ഈ യോഗങ്ങളിലാണ് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന തീരുമാനമുണ്ടായത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണയ്‌ക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകില്ല.

ഇപി ജയരാജന്റെ ബന്ധുനിയമന വിഷയത്തില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന ഭയം മൂലമാണ് ജേക്കബ് തോമസിനെ വിജിലന്‍‌സ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉറപ്പുണ്ട്. അത്തരമൊരു സാഹചര്യത്തിനു വേണ്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാത്തിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് നിയമസഭയില്‍ ജേക്കബ് തോമസ് വിഷയം ചെന്നിത്തല ഉന്നയിക്കാതിരുന്നത്.

ജേക്കബ് തോമസിനെ മാറ്റുക എന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ജനങ്ങള്‍ക്കിടെയില്‍ നിന്ന് പ്രതിഷേധം ഏറ്റുവാങ്ങുന്നതിന് കാരണമാകുമെന്നുമാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇതിനാല്‍ ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുമെന്ന് വ്യക്തമാണ്. അഴിമതിക്കേസുകളില്‍ ജേക്കബ് തോമസിന്റെ നിലപാട് അംഗീകരിക്കാതിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാകും വരും മണിക്കൂറുകളില്‍ നിര്‍ണായകമാകുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :