മലയാളികളുടെ ഐ എസ് ബന്ധം; ഒരാളെ കൂടി കാണാതായി
കാണാതായ മലയാളികളിൽ ഒരാൾ കൂടി
കാണാതായ മലയാളികളിൽ ഒരാൾ കൂടി. കാസർഗോഡ് നിലമ്പൂർ സ്വദേശി അബ്ദുള്ള (24)യെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്ളയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നാലു മാസം മുൻപാണ് അബ്ദുള്ള നാടുവിട്ടത്. മതപഠനം എന്ന് പറഞ്ഞായിരുന്നു ഇയാളുടെ മുങ്ങൽ. ഇടക്കിടയ്ക്ക് ഈ മുങ്ങൽ ഉള്ളതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. എന്നാൽ കാസർഗോഡ് നിന്നും കാണാതായ മറ്റു മലയാളികളുമായി അബ്ദുള്ളയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, കാണാതായ മലയാളികൾക്ക് ഐ എസുമായി ഉള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കേരളത്തിൽ നിന്നും കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയിൽ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരെ ഐ എസിന്റെ സ്വാധീനവലയത്തിൽ എത്തിക്കാൻ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായും അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചിരുന്നു.
