അഭിറാം മനോഹർ|
Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (14:06 IST)
അമിത ജോലിഭാരം കാരണം മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്തിരുന്ന ഇരുപത്താറുകാരി ഹൃദയാഘാതം മൂലം മരിച്ച സംഭവം കോര്‍പ്പറേറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതിയുടെ അമ്മ കമ്പനി ചെയര്‍മാനായച്ച കത്ത് പുറത്ത് വന്നതോടെയാണ് കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരം ചര്‍ച്ചയായി മാറിയത്.
മകള്‍ തളര്‍ന്ന് അവശയായ സമയങ്ങളില്‍ പോലും ജോലി ചെയ്യേണ്ടിവന്നുവെന്നും. രാത്രി നേരം വൈകി വീട്ടിലെത്തിയതിന് ശേഷം പോലും കമ്പനി ജോലികള്‍ ചെയ്യാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിച്ചെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ വിവാദമായ 70 മണിക്കൂര്‍ ജോലി പരാമര്‍ശം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇന്‍ഫോസിസ് സിഎഫ്ഒയുമായി നടത്തിയ ചര്‍ച്ച പരിപാടിയിലാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന പരാമര്‍ശം നാരായണമൂര്‍ത്തി നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കമ്പനികള്‍ അമിതമായി ജോലിയെടുക്കുന്നത് മഹത്വവത്കരിച്ച് ആരോഗ്യകരമല്ലാത്ത തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ജോലിസമയം കഴിഞ്ഞ് ഓഫീസ് വിട്ടിറങ്ങുന്നത് കോര്‍പറേറ്റ് ലോകത്ത് വലിയ കുറ്റകൃത്യമായി മാറിയെന്നും നാരായണമൂര്‍ത്തിയെ പോലുള്ളവരുടെ പരാമര്‍ശങ്ങള്‍ ഓര്‍മയില്ലേ എന്നും സോഷ്യല്‍ മീഡീയ ചോദിക്കുന്നു.