തിരുവനന്തപുരം|
സജിത്ത്|
Last Updated:
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (10:01 IST)
ഒരു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍
വിമാനത്താവളത്തിലെത്തി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്നു ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാർഗം മുഖേന അമൃതാനന്ദമയി മഠത്തിലേക്കു പോകുകയും ചെയ്തു.
രാഷ്ട്രപതിയായതിനു ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമില്ല.
മാതാ അമൃതാനന്ദമയിയുടെ മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു.