അഭിറാം മനോഹർ|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (16:32 IST)
ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വര്‍ഷത്തിനിടെ ഏറ്റവും
മഴ കുറവ് ലഭിച്ച ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതില്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്താകമാനം ലഭിച്ചത്. സെപ്റ്റംബറില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ മൂന്നാം വാരം വരെയാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചാല്‍ തന്നെ നിലവിലെ മഴയിലെ കുറവ് പരിഹരിക്കാന്‍ സാധിക്കില്ല.
2005ലായിരുന്നു സമീപകാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം കടന്നുപോയത്. അന്ന് 25 ശതമാനത്തിന്റെ കുറവാണ് മഴയില്‍ ഉണ്ടായത്. 2009ല്‍ 24.1 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വലിയ രീതിയിലുള്ള മഴക്കുറവാണ് ഓഗസ്റ്റില്‍ ഉണ്ടായത്. അതിനാല്‍ തന്നെ സെപ്റ്റംബറില്‍ സാധാരണ ലഭിക്കുന്ന മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കനത്ത വരള്‍ച്ചയിലേക്ക് പോകും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ സെപ്റ്റംബറില്‍ അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നാണ് നിലവീല്‍ ലഭിക്കുന്ന വിവരം.അതിനാല്‍ തന്നെ ഇത് സെപ്റ്റംബറില്‍ പ്രതീക്ഷിത മഴ തരുമെന്ന പ്രതീക്ഷയിലാണ് കേരളം.