രേണുക വേണു|
Last Modified വ്യാഴം, 3 ഏപ്രില്‍ 2025 (09:34 IST)
ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പന കേസില്‍ പിടിയിലായ സ്ത്രീയുടെയും സഹായിയുടെയും ഫോണില്‍ മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകളും. സിനിമ, ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന കണ്ണൂര്‍ സ്വദേശിനി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടില്‍ കെ.ഫിറോസ് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയത്.
എക്‌സൈസിന്റെ രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ അറസ്റ്റ്. ആലപ്പുഴയിലെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പന നടത്താനായി റിസോര്‍ട്ടില്‍ മുറിയെടുത്തതാണെന്നാണ് സൂചന.
മുഖ്യ പ്രതിയായ ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലിമയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചലച്ചിത്ര താരങ്ങളുടെ നമ്പറുകള്‍ കണ്ടു. ഇവരുമായി പരിചയമുണ്ടെന്നും ഇതില്‍ മൂന്ന് പേര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു. ആലപ്പുഴയിലെ ചിലര്‍ക്കു കഞ്ചാവ് കൈമാറാനാണു ഓമനപ്പുഴയിലെത്തിയതെന്നും ഇവര്‍ എക്‌സൈസിനോടു സമ്മതിച്ചു.
ആലപ്പുഴ ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ലഹരിവില്‍പന നടത്തുന്നതായി രണ്ടുമാസം മുന്‍പാണ് എക്‌സൈസിനു വിവരം ലഭിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുറമെ ചില പെണ്‍വാണിഭ സംഘങ്ങള്‍ക്കും ഇവര്‍ ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നുണ്ടെന്നായിരുന്നു വിവരം. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണം നടത്തുകയായിരുന്നു. ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.