കൊച്ചി|
VISHNU N L|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (12:06 IST)
കൊച്ചിയില്‍ നിന്ന് ശ്രീലങ്കന്‍ തമിഴര്‍ ഉള്‍പ്പടെയുള്ള പത്തുപേരെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് പിടികൂടി. ചെറായി, മുനമ്പം, മാല്യങ്കര മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
മുനമ്പം പൊലീസിനു രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് ഇവിടങ്ങളിൽ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ ചിലര്‍ തമിഴ്‌നാട് സ്വദേശികളാണെന്നും വിവരങ്ങളുണ്ട്. സംഭവം മനുഷ്യക്കടത്താണെന്നാണ് പ്രാഥമിക വിവരങ്ങള്‍.
തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരുടെ മൊബൈല്‍ സിഗ്നല്‍ ചെറായി ഭാഗത്തു ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത്
നടത്തിയ പരിശോധനയിലാണ് വിവരം. ചെറായി ദേവസ്വം നടയ്ക്കു വടക്കുള്ള ഒരു ഹോം സ്റ്റേയിലായിരുന്നു സംഘം താമസിച്ചിരുന്നതെന്നാണു സൂചന. രാത്രി ഹോം സ്റ്റേയില്‍ റെയ്ഡിനെത്തിയ പൊലീസ് അവിടെ താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള റജിസ്റ്റര്‍ പരിശോധിക്കുകയും ജീവക്കാരെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
തുടര്‍ന്നാണു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. പൊലീസ് സംഘം കഴിഞ്ഞ രാത്രി അതീവ രഹസ്യമായി നടത്തിയ റെയ്ഡില്‍ ആദ്യം അഞ്ചു പേരും പിന്നീടു മറ്റൊരു അഞ്ചുപേരും പിടിയിലാകുകയായിരുന്നു. പിടിയിലായവര്‍ക്കു യാത്രരേഖകളൊന്നും ഇല്ലെന്നാണ് സൂചനകൾ.