ഭിത്തിതുരന്ന് രക്ഷപ്പെട്ട തട്ടിപ്പ് കേസ് പ്രതി നസീമ പിടിയില്‍

 നസീമ , തട്ടിപ്പ് കേസ് പ്രതി നസീമ  , പൊലീസ് , അറസ്‌റ്റ് , കൊച്ചി
കോഴിക്കോട്| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (10:47 IST)
ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മഴു ഉപയോഗിച്ചാണ് ഭിത്തിതുരന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ കൊച്ചി എംജി റോഡിലെ ഒരു ലോഡ്ജിൽ നിന്നാണ്
പിടികൂടിയത്. പൊലീസ് സംഘം ഇവരെയും കൊണ്ട് കോഴിക്കോടിനു പോയി.

ഓഗസ്റ്റ് 15നാണ് ഇവർ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നു രക്ഷപെട്ടത്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്‌തു വെച്ചിരുന്നതിനാല്‍ നസീമയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചിയിലെ ഫ്ലാറ്റില്‍ ഓളിച്ച് താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ഫോണ്‍ ഓണ്‍ ചെയ്‌ത് വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഫ്ലാറ്റിന് സമീപത്ത് എത്തിയതോടെ അവിടെ നിന്ന് രക്ഷപ്പെട്ട് കൊച്ചി എംജി റോഡിലെ ഒരു ലോഡ്ജിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് നിരവധി മോഷക്കേസിലെ പ്രതിയായ നസീമയെ പിടികൂടിയത്.
12 കേസുകളിലെ പ്രതിയാണ് ഇവര്‍.

അടുക്കള ജോലിക്കാരി ചമഞ്ഞു വീടുകളില്‍ കയറിപ്പറ്റി, പാലിലും ജ്യൂസിലും മയക്കുമരുന്നു കലര്‍ത്തി വീട്ടുകാര്‍ക്കു നല്‍കും. പിന്നെ, ആഭരണങ്ങള്‍ തട്ടിയെടുക്കും. അടുക്കള ജോലിക്കാരിയെ ആവശ്യമുണ്ടെന്ന പരസ്യം നോക്കിയാണു വീടുകള്‍ തിരഞ്ഞെടുക്കുന്നത്. അറയ്ക്കല്‍ കുടുംബാംഗമാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ച ശേഷം, വരന്‍റെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങിയെന്നതാണ് അവസാനത്തെ കേസ്. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുമ്പോഴാണ് തടവുചാടിയത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :