നീക്കങ്ങള്‍ പുറത്തുവിടാതെ വനംവകുപ്പ്, പുലര്‍ച്ചെ മുതല്‍ കടുവ നിരീക്ഷണ വലയത്തില്‍; നരഭോജിയെ തീര്‍ത്തതാര്?

കടുവയ്ക്ക് ആറോ ഏഴോ വയസ് കാണുമെന്നാണ് നിഗമനം

Tiger Killed
രേണുക വേണു| Last Modified തിങ്കള്‍, 27 ജനുവരി 2025 (09:13 IST)
Tiger Killed

കല്‍പ്പറ്റ പഞ്ചാരക്കൊല്ലിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ ആരംഭിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ എങ്ങനെയാണ് കടുവ കൊല്ലപ്പെട്ടതെന്ന് വ്യക്തമാകൂ. ഓപ്പറേഷന്‍ സംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.

തെരച്ചില്‍ നടത്തുന്നതിനിടെ പുലര്‍ച്ചെ 12.30 നാണ് നരഭോജി കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തില്‍ എത്തിയത്. രണ്ടരയോടെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. കടുവയെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ രാത്രി ആയതുകൊണ്ട് ഫലം കണ്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ആളെക്കൊല്ലി കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പിലാക്കാവ് മൂന്ന് റോഡ് എന്ന സ്ഥലത്തുനിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പദ്ധതികളുടെ ഭാഗമായാണോ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സംശയമുണ്ട്. പുലര്‍ച്ചെ മുതല്‍ തങ്ങളുടെ നിരീക്ഷണ വലയത്തില്‍ കടുവയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും അത് അതീവ രഹസ്യമാക്കി വച്ചു. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് വനംവകുപ്പ് കടുവയെ പിന്തുടര്‍ന്നത്.

കടുവയ്ക്ക് ആറോ ഏഴോ വയസ് കാണുമെന്നാണ് നിഗമനം. കടുവയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളും വ്രണങ്ങളും ഉണ്ട്. ഒരുപക്ഷേ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി അവശനിലയില്‍ ആയ കടുവ പിന്നീട് ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നാണ് അനുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :