'നന്നാക്കിയിട്ട് തന്നെ കാര്യം'; ചെവിക്കുപിടിച്ചു ബേബി, ജയരാജന് കൈയടി ! പാർട്ടി മാറുന്നു
P Jayarajan and MA Baby
വിപുലീകൃത സംസ്ഥാന കമ്മിറ്റി 'തെറ്റ് തിരുത്തും' എന്ന് സിപിഎം നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. വാക്കാലുള്ള വിമർശനങ്ങൾക്കപ്പുറം പാർട്ടിയിൽ സമൂലമായ മാറ്റം വരണമെങ്കിൽ അടുത്ത സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ജനറൽ സെക്രട്ടറി എം.എ.ബേബി കോഴിക്കോടെത്തിയത് രണ്ടും കൽപ്പിച്ചാണ്.
വടിയെടുത്ത് ബേബി
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി പാർട്ടിയിൽ സമൂലമായ പൊളിച്ചെഴുത്തിനുള്ള വാതിൽ തുറന്നിടുകയാണെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് മനസിലായി. വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരണമെന്ന് ആദ്യം നിലപാടെടുത്തത് ജനറൽ സെക്രട്ടറിയാണ്. പൊളിറ്റ് ബ്യൂറോയിലും സമാന ആവശ്യമുയർന്നു. പിഴവുകൾ കണ്ടെത്ത് അത് തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയൊരു അപജയമാണെന്ന് പൊളിറ്റ് ബ്യൂറോ മുന്നറിയിപ്പ് നൽകി. ബംഗാളിലേതിനു സമാനമായ തകർച്ചയിലേക്ക് കേരളത്തിൽ പാർട്ടി പോകരുതെന്നും അതിനാൽ അടിയന്തരമായി ചില തെറ്റ് തിരുത്തലുകൾ വേണമെന്നും ജനറൽ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിനു സൂചന നൽകി.
ജനങ്ങൾക്ക് കീഴടങ്ങുക
തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെ പഴിക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ നിലപാട്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യം ബേബി ആവർത്തിച്ചു. ഇത്ര വലിയ പരാജയം പാർട്ടി അർഹിക്കുന്നില്ല. രാജ്യത്ത് തന്നെ മാതൃകയായിരുന്നു കേരളത്തിലെ ഇടതുപക്ഷ സർക്കാർ. എന്നാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് തിരിച്ചടിയായി. ഇത്ര വലിയ തോൽവിക്ക് ഇടതുപക്ഷമോ സിപിഎമ്മോ അർഹരല്ല. അങ്ങനെയാണെങ്കിൽ കൂടി പാർട്ടി ചിലതെല്ലാം തിരുത്താനുണ്ടെന്ന ബോധ്യത്തിലാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്. അതിനെ പൂർണമായി ബഹുമാനിച്ചുകൊണ്ട് പാർട്ടിക്കുള്ളിൽ നവീകരണം നടത്തുകയാണ് വേണ്ടതെന്ന് എം.എ.ബേബി വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു.
ജയരാജന്റെ വരവ്
പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയത് ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ താൽപര്യത്തെ തുടർന്നാണ്. പൊളിറ്റ് ബ്യൂറോ അംഗമായ അശോക് ധാവ്‌ളെയാണ് ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് നിർദേശിച്ചത്. പിണറായി വിജയൻ പിന്താങ്ങി. ജയരാജനെ പാർട്ടി തഴയുന്നു എന്ന വിമർശനം വർഷങ്ങളായി അണികൾക്കിടയിലുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയിൽ നിരാശരായിരിക്കുന്ന പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമായിരുന്നു ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വരവ്. സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജയരാജന്റെ പേര് പറഞ്ഞതും വൻ കൈയടിയാണ് സദസിൽ നിന്ന് ഉയർന്നത്. പ്രായപരിധി നോക്കാതെ ജയരാജനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ പൊളിറ്റ് ബ്യൂറോ നിലപാടെടുക്കുകയായിരുന്നു. അടുത്ത സംസ്ഥാന സമ്മേളനത്തിൽ ജയരാജൻ പാർട്ടി സെക്രട്ടറിയായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന വിശ്വാസവും ഇതോടെ അണികളിലുണ്ടായി.
അടിമുടി മാറ്റം
കാലത്തിനൊത്ത് മാറുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കമ്മിറ്റിയിലും വിപുലീകരണമുണ്ടായി. സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി ഒൻപത് പേരെ ഉൾപ്പെടുത്തി. ആദർശ് എം സജി, ജെയ്ക് സി തോമസ്, എം വിജിൻ, എം ശിവപ്രസാദ്, പി.എസ് സഞ്ജീവ്, എം സുകന്യ, ഒ.എസ് അംബിക, സുബൈദ ഇസഹാക്ക്, പ്രഭാവർമ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കൾ. Also Read: സംശയാലുക്കളെ 'അടിച്ചോടിച്ച്' സഞ്ജു; ചേട്ടൻ ഫയറാടാ...!
