Sanju Samson: സംശയാലുക്കളെ 'അടിച്ചോടിച്ച്' സഞ്ജു; ചേട്ടൻ ഫയറാടാ...!
Sanju Samson
Sanju Samson: ഇങ്ങനെയൊരു ഇന്നിങ്‌സിനായാണ് സഞ്ജുവിന്റെ ആരാധകർ കാത്തിരുന്നത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ തുടർച്ചയായി നിരാശപ്പെടുത്തുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരുന്നത്. ഒടുവിൽ സംശയാലുക്കളേ 'അടിച്ചുപറത്തി' ടിപ്പിക്കൽ സഞ്ജു ഷോ !
രണ്ടും കൽപ്പിച്ച്
അഫ്ഗാനെതിരായ രണ്ടാം ടി20 മത്സരം അക്ഷരാർത്ഥത്തിൽ സഞ്ജുവിന് അഗ്നിപരീക്ഷയായിരുന്നു. തുടർച്ചയായി നിരാശപ്പെടുത്തുന്നു, വൈഭവിനെ പോലൊരു വെടിക്കെട്ട് ബാറ്റർ ബെഞ്ചിൽ അവസരം കാത്തിരിക്കുന്നു...! ടെൻഷനടിക്കാൻ കാരണങ്ങൾ പലതുണ്ട്. പക്ഷേ അതിന്റെ മുന്നിലൊന്നും സഞ്ജു മുട്ടുമടക്കിയില്ല. 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 57 റൺസ് അടിച്ചെടുത്തു. 'എന്തുകൊണ്ട് സഞ്ജു' എന്ന് സംശയം പ്രകടിപ്പിച്ചിരുന്ന വിരോധികൾക്ക് ബാറ്റ്‌കൊണ്ടുള്ള മറുപടി. 259.09 സ്‌ട്രൈക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ് സ്‌കോററും സഞ്ജു തന്നെ.
അഗ്നിപരീക്ഷ
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോററാണ് സഞ്ജു. വെറും അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 199.38 സ്‌ട്രൈക് റേറ്റിൽ 321 റൺസ്. ശരാശരി 80.25 ! അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 27 ഫോറുകളും 24 സിക്‌സുകളും. ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ്, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 റൺസ്...! ലോകകപ്പ് ഇന്ത്യ നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരം. എന്നാൽ ലോകകപ്പിന് ശേഷം സഞ്ജു നിറംമങ്ങി. ടി20 ലോകകപ്പിന് ശേഷം അയർലൻഡിനെതിരെ 5, 0 എന്നിങ്ങനെയാണ് താരം നേടിയ റൺസ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഒരു റൺസിന് പുറത്തായതോടെ ബെഞ്ചിലേക്ക് താഴ്ന്നു. അഞ്ചാം ടി20 യിൽ 14 പന്തിൽ 27 റൺസുമായി ഭേദപ്പെട്ട പ്രകടനം. അഫ്ഗാനെതിരായ ഒന്നാം ടി20 മത്സരത്തിൽ വെറും പത്ത് റൺസ്..! പ്ലേയിങ് ഇലവനിൽ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ സമയത്താണ് അഫ്ഗാനെതിരായ രണ്ടാം ടി20 മത്സരത്തിലെ പൊന്നുംവിലയുള്ള ഇന്നിങ്‌സ്. Also Read: വിരമിച്ച മെസി വീണ്ടും അർജന്റീന ടീമിൽ; കളി ഒക്ടോബർ ആറിന്
