സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്, ദുരന്ത നിവാരണസേന ഇറങ്ങും

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മെയ് 2022 (10:47 IST)
സംസ്ഥാനത്ത് പരക്കെ കനത്ത തുടരുകയാണ്. വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളില്‍ വെള്ളം കയറി. എംജി റോഡ്,കലൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് രൂപംകൊണ്ടത്.

കൊച്ചിയിലെ വെ‌ള്ളക്കെട്ട് മേഖലകളിൽ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപാർപ്പിക്കും. ജലനിരപ്പ് ഉയര്‍ന്നതിനേ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടർന്നു. ഇവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :