Kerala Rains Live Updates: പുതിയ ന്യൂനമര്‍ദം വരുന്നു; മഴ തുടരും

രേണുക വേണു| Last Updated: വ്യാഴം, 19 മെയ് 2022 (15:39 IST)

Live Updates: വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാവിലെ കര്‍ണാടകയ്ക്ക് മുകളിലായിരുന്ന ചക്രവാതചുഴി ഇപ്പോള്‍ തമിഴ്‌നാടിന് മുകളിലാണ്. രാത്രിയോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ചക്രവാതചുഴിക്ക് പിന്നാലെ മ്യാന്മാറിന് സമീപത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നത് പ്രളയഭീതി പരത്തുന്നു.

മൂവാറ്റുപുഴ, കളമശേരി മേഖലകളില്‍ വെള്ളപ്പൊക്കം

എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മൂവാറ്റുപുഴ, കളമശേരി മേഖലകളില്‍ വെള്ളപ്പൊക്കം. കൊച്ചി നഗരത്തിലെ സൗത്ത് റെയില്‍വേ സറ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി റോഡ്, പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. കളമശേരിയില്‍ വീടുകളിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിലാല്‍ ഇവിടെനിന്നും ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

ഭൂതത്താന്‍കെട്ട് ഡാം തുറന്നു

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ജലനിരപ്പ് ഉയരും.

രണ്ട് ജില്ലകളില്‍ സ്ഥിതി സങ്കീര്‍ണം

അടുത്ത മൂന്ന് മണിക്കൂറില്‍
കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍
മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, പെരിങ്ങല്‍കുത്ത് എപ്പോള്‍ വേണമെങ്കിലും തുറക്കാം



പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഉടന്‍ ഡാം തുറക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. മധ്യ കേരളത്തില്‍ രാത്രി പെയ്ത മഴയാണ് പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണം. മറ്റ് ഡാമുകളിലേയും ജലനിരപ്പ് ഉയരുന്നുണ്ട്.

മധ്യ, വടക്കന്‍ കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. തോരാത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ചക്രവാതചുഴി കര്‍ണാടകയ്ക്ക് മുകളിലാണ്. ഇതാണ് മധ്യ, വടക്കാന്‍ കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം. മഴ ഇനിയും തടരും. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും മഴയ്ക്ക് കാരണമാകുന്നു.

കൊച്ചിയില്‍ വെള്ളക്കെട്ട്

കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളും ഉള്‍പ്പെടെ വെള്ളത്തില്‍ ആയി. എം.ജി. റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗര്‍ ഭാഗങ്ങളിലൊക്കെ വെള്ളം കയറി.

ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു

ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു. വീട് ഭാഗികമായ് തകര്‍ന്നു. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. വീടിന്റെ ഒരു വശത്തേക്ക് മരം വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. ഒരു മണിക്കൂറോളം ആളുകള്‍ വീട്ടിനുള്ളില്‍ കുടുങ്ങി കിടന്നു.

മരംവീണ് ഗതാഗത തടസം

കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗതതടസം. വാഹനങ്ങള്‍ നാലുമണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മുതല്‍ മഴ പെയ്തിട്ടില്ല. നഗരത്തില്‍ രാത്രിയില്‍ മഴയുണ്ടായിരുന്നു. ഗ്രാമീണമേഖലകളില്‍ രാത്രി ഒറ്റപ്പെട്ട മഴയുണ്ടായെങ്കിലും നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍കരഭാഗത്ത് രാത്രിയിലും മഴ ഉണ്ടായില്ല. തീരപ്രദേശങ്ങളില്‍ രാവിലെ മുതല്‍ മഴയില്ലെങ്കിലും ജാഗ്രത നിര്‍ദേശം തുടരുന്നു
















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :