അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:25 IST)
ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ
കളക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി 08.00 മുതല്‍ രാവിലെ 06.00 വരെ) അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഇന്ന് ( 01.08.2022 ) മുതല്‍ നിരോധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ സിവില്‍ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയര്‍ ആന്‍ഡ് റസ്‌ക്യു, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലുള്ള മല്‍സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രികരണവും ഒഴിവാക്കണം. മലയോര മേഖലകളിൽ വാഹനം അമിത വേഗത്തിൽ ഓടിക്കരുതെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും
ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തേണ്ടതാണെന്നും കളക്ടർ അറിയിച്ചു.