അഭിറാം മനോഹർ|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (15:57 IST)
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
ഹരിത നേതാക്കൾ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
പിഎംഎ സലാം പറഞ്ഞു.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന ആവശ്യം ലീഗ് നേതൃത്വം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഹരിത പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നടപടി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെ ഹരിതയിലെ പത്ത് പെൺകുട്ടികളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ലീഗ് നേതൃത്വം പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹരിത തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.
കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തില്‍ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ എന്ന് പികെ നവാസ് ഹരിതയിലെ പെൺകുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാൽ നേരത്തെ ഈ വിഷയത്തിൽ പല തവണ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ
വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.