വാക്‌സിനെടുത്ത ശേഷം കലശലായ തലവേദന, ആശുപത്രിയിലെത്തിയപ്പോള്‍ ബോധംകെട്ട് വീണു; യുവതിയുടെ മരണം കോവിഡ് വാക്‌സിനെത്തുടര്‍ന്നെന്ന് പരാതി

രേണുക വേണു| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:14 IST)

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പില്‍ ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആര്‍.നായര്‍ (37) ആണ് മരിച്ചത്. കോവിഡ് വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്നാണ് അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതിനല്‍കി. നേരത്തേ ഇവര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് മൂന്നിനാണ് യുവതി ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലശലായ തലവേദനയുണ്ടായിരുന്നു. തലവേദന കുറയാതെ വന്നതോടെ ഓഗസ്റ്റ് 14 ന് ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വച്ച് യുവതി ബോധംനഷ്ടപ്പെട്ട് താഴെവീണു. സ്‌കാനിങ്ങില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രണ്ട് ഓപ്പറേഷന്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയില്‍ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വാക്‌സിനേഷനുശേഷമുള്ള പ്രശ്‌നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :