ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കോട്ടയം എസ് പി; കേസില്‍ ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ല

ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (16:55 IST)
ഹാദിയയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് പൊലീസ്. ഹാദിയയുടെ മേല്‍ ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും നടന്നിട്ടില്ലെന്ന് കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയം പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സിറ്റിങിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേസ് സുപ്രീംകോടതിയുടെ പരിധിയിലായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനിക്കുകയും ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും ചൂണ്ടികാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിറ്റിങ് നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ഹാദിയയില്‍നിന്ന് നേരിട്ട് മൊഴി എടുക്കുന്നതിനു മുമ്പായി പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും വിശദമായി പഠിക്കുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ അറിയിക്കുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :