കൊച്ചി|
jibin|
Last Modified ശനി, 1 ജൂലൈ 2017 (20:52 IST)
ജിഎസ്ടിയുടെ വരവ് കേരളത്തിനു ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവർഷം 20 ശതമാനം വീതം വർദ്ധിക്കുമെന്നാണു പ്രതീക്ഷ. ഈ വളർച്ച നാലുവർഷത്തേക്കു നിലനിർത്താൻ സാധിച്ചാൽ നിലവിലെ സാമ്പത്തിക കമ്മി മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോഗം നടക്കുന്ന സംസ്ഥാനത്താണ് ജിഎസ്ടിയിൽ നികുതി എത്തുക. എറ്റവും വലിയ ഉപഭോഗ സംസ്ഥാനമാണ് കേരളം. സുക്ഷിച്ചില്ലെങ്കിൽ വില വർദ്ധനവ് ഉണ്ടാകുമെന്ന കുഴപ്പവും ജിഎസ്ടിക്കുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അതിർത്തി ഇല്ലാതായതോടെ വിപണി വലുതായി മാറിയെന്നും തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി നടപ്പാക്കാൻ കേരളം വേണ്ടത്ര തയാറെടുപ്പുകൾ നടത്തി. ജിഎസ്ടിയെ സ്വീകരിക്കാൻ ഏറ്റവും നന്നായി തയാറെടുത്ത സംസ്ഥാന കേരളമാണ്. രണ്ടോ മൂന്നോ മാസം കൊണ്ട് ജിഎസ്ടിയിലെ ആശയക്കുഴപ്പങ്ങളും അങ്കലാപ്പുകളും ഇല്ലാതാക്കാന്‍ സാധിക്കും. നികുതി വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ വാറ്റ് സംവിധാനം ഉദ്ദേശിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലാണു ജിഎസ്ടിയുടെ വരവെന്നും ധനമന്ത്രി പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. അതേ സമയം, കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന
ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.