അഭിറാം മനോഹർ|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (13:39 IST)
മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സെപ്റ്റംബര്‍ 10ന് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. റിപ്പോര്‍ട്ടിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവര്‍ പരാതി നല്‍കാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതിന് കാരണമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വമേധയാ സര്‍ക്കാര്‍ കേസെടുക്കാന്‍ സന്നദ്ധമാണോ എന്ന ചോദ്യമാണ് കോടതി സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്.