ഇനിയും മൗനം ആർക്ക് വേണ്ടി, നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം കല്ലെറിയും: സാന്ദ്രാ തോമസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (11:19 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും സാന്ദ്രാ തോമസ് ചോദിച്ചു. ഇതിനര്‍ഥം എല്ലാ സംഘടനകളിലും പവര്‍ ഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്നല്ലേയെന്നും സാന്ദ്രാ തോമസ് ചോദിക്കുന്നു.

ലോക സിനിമയ്ക്ക് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യമായികൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ വന്നതില്‍ എല്ലാ സിനിമാസംഘടനകള്‍ക്കും പങ്കുണ്ടെന്നും ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിലും പൊതുസമൂഹം കല്ലെറിയുന്ന അവസ്ഥയുണ്ടാകുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൂര്‍ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് ആധാരമാക്കിയ തെളിവുകളും വിളിച്ചുവരുത്തണമെന്നും റിപ്പോര്‍ട്ടിന് മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :