സര്‍ക്കാരിന്റെ കാറില്‍ മന്ത്രിയുടെ പാല്‍ക്കച്ചടം!!!

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (13:32 IST)
ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് ഒന്നാം തരം കര്‍ഷകനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ജോസഫ് ഇടുക്കിയിലേതുപോലെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും പശുവളര്‍ത്തലുമുണ്ട്. എന്നാല്‍ പശുവിനേ കറന്ന് കിട്ടൂന്ന പാല് വില്‍ക്കുന്നതാകട്ടെ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ഓടുന്ന സര്‍ക്കാര്‍ വാഹനത്തിലും.

തലസ്ഥാനത്തെ പ്രമുഖ ബേക്കറിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ മന്ത്രിയുടെ പാല്‍ക്കച്ചവടം വെളിച്ചത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വാഹനത്തില്‍ മന്ത്രിയുടെ വസതിയില്‍ നിന്ന് പാല്‍ വില്‍ക്കാന്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. കാലത്ത് ഒമ്പതരയ്ക്കും വൈകീട്ട് മൂന്നരയ്ക്കുമാണ് സര്‍ക്കാര്‍ വക ആഡംബര കാറില്‍ പാല്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്.

കെഎല്‍ 01 ബിസി 2405. വോക്സ് വാഗന്‍ ജെറ്റയില്‍ പാല്‍ക്കച്ചവടം പൊടിപൊടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രിയുടെ ആഡംബര പാല്‍ക്കച്ചവടം പിടിക്കാന്‍ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് കാര്‍ വന്ന് പെട്ടത്. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നമ്പര്‍ പ്ലേറ്റില്‍ കേരള സര്‍ക്കാര്‍ എന്ന് ഒട്ടിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള സംവിധാനം നമ്പര്‍ പ്ലേറ്റിലുണ്ടായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചട്ട വിരുദ്ദമാണ്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ നടക്കുന്ന പാല്‍കച്ചവടം. നഗരത്തിലെ പ്രധാന ബേക്കറിയുടെ നിര്‍മ്മാണ കേന്ദ്രത്തിലെത്തിയ കാറില്‍നിന്ന് ഡ്രൈവര്‍ പുറത്തിറങ്ങി കാറിന്റെ ഡിക്കി തുറന്ന് പാല്‍ കാനുമായി പുറത്തേക്ക് പോവുന്നതും, ഒഴിഞ്ഞ കാനുമായി പുറത്തേക്ക് വന്ന് കാറില്‍ കയറുന്നതും, വകുപ്പിനായി ഒരു കാര്യം പോലും ചെയ്യാതെ തിരികെ മന്ത്രിയുടെ വസതിയിലേക്ക് പോകുന്നതും ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളിലുണ്ട്.

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ പാല്‍ കൊണ്ടുപോവുന്നയാള്‍ അവധിയിലായ ദിവസം ഏര്‍പ്പാട് ചെയ്തതാണെന്നും ഇത് സ്ഥിരം സംവിധാനമല്ലെന്നും പറഞ്ഞ് മന്ത്രി പി ജെ ജോസഫ് തടിതപ്പി. സാധാരണ ബൈക്കിലാണ് കൊണ്ടു പോവാറെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് തുടങ്ങിയിട്ട് കാലം കുറേ ആയെന്ന് സംഭവത്തിന് സ്ഥിരം ദൃക്സാക്ഷികളായവര്‍ പറയുന്നു. കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വാഹനം എങ്ങിനെയാണ് മന്ത്രിയുടെ വീട്ടിലെത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും മന്ത്രിക്ക് സാധിച്ചിട്ടീല്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :