അനു മുരളി|
Last Modified വെള്ളി, 3 ഏപ്രില്‍ 2020 (10:58 IST)
അമ്മയോട് പിണങ്ങി കാമുകനെ കാണാൻ തമിഴ്നാട്ടിലെത്തിയ പെൺകുട്ടിയെ തിരികെ എത്തിച്ച് പൊലീസ്.
ലോക്ക് ഡൗൺ സമയത്ത് വീടുവിട്ടിറങ്ങിയെ വിദ്യാർത്ഥിനിയെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് തിരികെ വീട്ടിലെത്തിച്ചത്. നെടുങ്കണ്ടം പാറത്തോട് ആണ് പൊലീസിനെ കുഴക്കിയ സംഭവം നടന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി അമ്മയോട് പിണങ്ങി തമിഴ്നാട്ടിലുള്ള കാമുകനെ തേടി ഇറങ്ങിയത്. മകളെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തേവാരം മേഖലയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് തമിഴ്നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കണ്ടെത്തി.
പഷേ, കേരള പൊലീസ് എത്തിയാൽ മാത്രമേ പെൺകുട്ടിയെ വിട്ടുതരികയുള്ളുവെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചതോടെ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയ ശേഷം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തേവാരത്തെത്തുകയും പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥിനി ലോക്ഡൗണിനെ തുടർന്നാണ് വീട്ടിൽ തിരിച്ച് എത്തിയത്. പെൺകുട്ടിയുടെ കാമുകനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.