അച്ചാറെന്ന വ്യാജേന കഞ്ചാവ് കടത്ത് : മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം:| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (17:40 IST)
 അച്ചാര്‍ എന്ന വ്യാജേന കുവൈറ്റിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് വലയിലാക്കി. കന്യാകുളങ്ങര പാക്കാന്‍വിള വീട്ടില്‍ അസീം എന്ന 26 കാരനാണു ഇയാളുടെ വീട്ടില്‍ നിന്ന്  പിടിയിലായത്.
 
കുവൈറ്റില്‍ സെക്യൂരിറ്റി കമ്പനി ജീവനക്കാരനായ വെമ്പായം സ്വദേശി അന്‍സാര്‍ എന്നയാളുടെ കൈവശമാണ് അച്ചാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് ഏല്‍പ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംഘത്തിലെ മറ്റ് ആറു പേരെ പൊലീസ് നേരത്തേ തന്നെ പിടിച്ചിരുന്നു.
 
2014 നവംബറിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് തിരിച്ച് കുവൈറ്റിലേക്ക് പോകാനിരുന്ന അന്‍സാറിന്‍റെ കൈയില്‍ നൌഫല്‍ എന്നയാള്‍ക്ക് നല്‍കാന്‍ എന്നു പറഞ്ഞായിരുന്നു സംഘം കഞ്ചാവ് നല്‍കിയത്. എന്നാല്‍ യാത്രയ്ക്കുള്ള പെട്ടികളില്‍ സാധനങ്ങള്‍ നിറച്ചപ്പോള്‍ സൌജന്യമായി കൊണ്ടുപോകാവുന്നതില്‍ കൂടുതല്‍ സാധനങ്ങള്‍ എടുത്തുമാറ്റിയതില്‍ നൌഫലിനുള്ള പൊതിയും ഉള്‍പ്പെട്ടു. 
 
നൌഫല്‍ പോയശേഷം വീട്ടുകാര്‍ ഈ പൊതി അഴിച്ചുനോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. വീട്ടുകാര്‍ വട്ടപ്പാറ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പ്രതാപന്‍ നായര്‍, വെഞ്ഞാറമൂട് സി.ഐ പ്രദീപ് കുമാര്‍, വട്ടപ്പാറ എസ്.ഐ ഇന്ദ്രരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :