ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമില്ല; പുനഃസംഘടന വൈകും

മത വിഷയങ്ങളില്‍ അടക്കം ഗണേഷ് കുമാര്‍ തീവ്ര നിലപാട് സ്വീകരിക്കുന്നത് ഇടതുമുന്നണി ചേരുന്നതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍

രേണുക വേണു| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (09:10 IST)

കേരള കോണ്‍ഗ്രസ് (ബി) നിയമസഭാംഗം കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ഇടതുമുന്നണിയില്‍ അതൃപ്തി. എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചതു പോലെ മന്ത്രിസഭ പുനസംഘടന ഉണ്ടെങ്കില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കേണ്ടതാണ്. എന്നാല്‍ പുനഃസംഘടന ഉടന്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. ഗണേഷ് കുമാറിന്റെ പല പരാമര്‍ശങ്ങളും ഇടത് മുന്നണിയുടെ നിലപാടുകളുമായി ചേരുന്നതല്ലെന്നാണ് സിപിഎമ്മിലേയും സിപിഐയിലേയും മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം രണ്ട് ടേമിലായി വീതിച്ചു നല്‍കാനാണ് എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചത്. ആദ്യ ടേമില്‍ ജനാധിപത്യ കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എ ആന്റണി രാജുവിന് മന്ത്രിസ്ഥാനം ലഭിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുന്നണി ഏകകണ്ഠേന തീരുമാനിച്ചത്. ഇതനുസരിച്ച് വരുന്ന നവംബറില്‍ മന്ത്രിസഭ പുനസംഘടന ഉണ്ടാകാനാണ് സാധ്യത.

മത വിഷയങ്ങളില്‍ അടക്കം ഗണേഷ് കുമാര്‍ തീവ്ര നിലപാട് സ്വീകരിക്കുന്നത് ഇടതുമുന്നണി ചേരുന്നതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മാത്രമല്ല പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍ക്കെതിരെ ഗണേഷ് കുമാര്‍ പരസ്യ വിമര്‍ശനങ്ങള്‍ നടത്തിയതിലും സിപിഎമ്മിനുള്ളില്‍ അതൃപ്തിയുണ്ട്. ഗണേഷ് കുമാര്‍ മന്ത്രിയായാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്നണി നിലപാടുകളോട് യോജിച്ചു നില്‍ക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഗണേഷിന് മന്ത്രിസ്ഥാനം നല്‍കൂ എന്ന് സിപിഎം നേതൃത്വം നിലപാടെടുത്തിട്ടുണ്ട്. ഗണേഷ് ഇതിനു തയ്യാറായാല്‍ മാത്രം ആന്റണി രാജുവിനെ മാറ്റി പകരം ഗതാഗതമന്ത്രിസ്ഥാനം നല്‍കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :