എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് യുഡിഎഫില്‍ ന്യായം: പിള്ള

ഗണേഷ് കുമാര്‍, ബാലകൃഷ്ണ പിള്ള, യുഡി‌എഫ്
തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (17:12 IST)
കെ ബി ഗണേശ് കുമാറിനെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെതിരെ നടപടി സ്വീകരിക്കാന്‍ യു‌ഡി‌എഫിന് ധാര്‍മിക അവകാശമില്ല. എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് യുഡിഎഫില്‍ ന്യായം. ഭൂരിപക്ഷം ഉണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥയാണ്. ഗണേശ് തെറ്റുചെയ്‌തെന്നു ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ചീഫ് വിപ്പ് പിസി ജോര്‍ജ് കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരെ നിരവധി ആരോപണങ്ങള്‍ ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, മാണി വിഭാഗത്തിന് ഒമ്പത് എം.എല്‍.എമാരുള്ളതു കൊണ്ട് ജോര്‍ജിനെതിരെ നടപടി സ്വീകരിച്ചില്ല. ആവശ്യമെങ്കില്‍ ഗണേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും പിള്ള വ്യക്തമാക്കി.

അഴിമതി നടത്തണമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ല. അതിനാലാണ് മന്ത്രിയുടെ ഓഫീസില്‍ അഴിമതി നടക്കുന്നതായി ഗണേഷ് നിയമസഭയില്‍ പറഞ്ഞത്. ഇക്കാര്യം താന്‍ 14 മാസം മുമ്പ് യു.ഡി.എഫ് യോഗത്തില്‍ പറയുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. ലോകായുക്തയുടെ നോട്ടീസ് ലഭിച്ചാല്‍ ഗണേഷ് ഹാജരാകുമെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ അദ്ദേഹം കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗണേശ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിനെതിരായ ആരോപണത്തില്‍ ഗണേശ് കുമാര്‍ കോടതിയില്‍ ഹാജരായി തെളിവ് നല്‍കും. അതേസമയം അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും പിള്ള വ്യക്തമാക്കി. ഗണേശ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടിയെങ്കില്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ആരോപണം ഉന്നയിച്ച ടി.എന്‍.പ്രതാപനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഓരോ കക്ഷികള്‍ക്കും ഓരോ നീതിയെന്ന രീതി ശരിയല്ല.

മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിസഭാ എടുക്കുന്ന തീരുമാനങ്ങളില്‍ കേരള കോണ്‍ഗ്രസിന് യാതൊരു ഉത്തരവാദിത്തവുമില്ല. സര്‍ക്കാരില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ തീരുമാനങ്ങളെ ന്യായീകരിക്കേണ്ട ആവശ്യവും പാര്‍ട്ടിക്കില്ല. യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടു കാര്യങ്ങളെ മാത്രമെ പാര്‍ട്ടി പിന്തുണക്കൂവെന്നും പിള്ള പറഞ്ഞു.

ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകളുടെ നിലപാടിനൊപ്പമാണ് താനെന്നും പിള്ള പറഞ്ഞു. മുന്പ് തിരുമേനിമാരെ പൊക്കിക്കൊണ്ടു നടന്നവര്‍ ഇപ്പോള്‍ അവര്‍ക്കൊരു കാര്യം വന്നപ്പോള്‍ അവഗണിക്കാന്‍ പാടില്ലായിരുന്നു. മദ്യനയം സംബന്ധിച്ച തര്‍ക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവോയെന്ന് ചോദ്യത്തിന്
ഇത്രയും പ്രതിച്ഛായയുള്ള സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പിള്ള പരിഹസിച്ചു. എക്സൈസ് മന്ത്രി കെ.ബാബുവിനൊക്കെ 'വലിയ' ഇമേജാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :