aparna shaji|
Last Updated:
തിങ്കള്‍, 13 ജൂണ്‍ 2016 (19:01 IST)
ഹരിപ്പാട് മെഡിക്കൽ കോളജ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് കൊണ്ട് മന്ത്രി
ജി സുധാകരൻ രംഗത്ത്. ഏറ്റവും വലിയ തമാശ രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പത്രസമ്മേളനങ്ങൾ മഠയൻമാരെ പോലെ യുക്തിയില്ലാതെ ഉപയോഗിക്കാനാണ് യു.ഡി.എഫിലെ ചില നേതാക്കന്മാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ തമാശ രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനമാണ്.
ഹരിപ്പാട്ട് കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്നും ചെലവഴിച്ചു കൊണ്ട്, നെൽവയലുകൾ നികത്തി, നിർമാണ ചട്ടങ്ങൾ അവഗണിച്ചു കൊണ്ട്, ഉയർന്ന ആക്ഷേപങ്ങളെ തരിമ്പും കൂസാതെ സ്വകാര്യ മെഡിക്കൽ കോളേജായി
രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തിൽ കൊണ്ടുവന്ന പദ്ധതിയിലെ പരാതികൾ ഇടത് പക്ഷ ഗവൺമെന്റ് പരിശോധിക്കുകയുണ്ടായി. വളരെ കുറഞ്ഞ ദൂരത്തിൽ വണ്ടാനത്ത് സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തിക്കുകയാണെന്ന് നമ്മൾ ഓർക്കണം. പ്രഥമദൃഷ്ടാ ക്രമക്കേട് കണ്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജനപക്ഷ സർക്കാർ.
കേവലം രമേശ് ചെന്നിത്തലയെന്ന വ്യക്തിക്കെതിരെയല്ല ഈ അന്വേഷണം. എന്നാൽ, പ്രതിപക്ഷ നേതാവ് കൂടിയായ ശ്രീ രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി. അന്വേഷണത്തിന് ആധാരമായ പരാതികളെ പാടെ നിരാകരിച്ചു കൊണ്ട് , മെഡിക്കൽ കോളേജ് നിർമാണം സംബന്ധിച്ച എല്ലാ അപാകതകളും ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം രംഗത്ത് വന്നതാണ് അടുത്ത ദിവസങ്ങളിലെ വലിയ തമാശ. ആഭ്യന്തര മന്ത്രിയായിരുന്ന ഒരാൾക്ക് ഒരു കാരണവശാലും ഉണ്ടാകാനിടയില്ലാത്ത അജ്ഞത അദ്ദേഹം വെളിപ്പെടുത്തി.
എന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ കഴിഞ്ഞ വി.എസ് ഗവൺമെന്റിന്റെ കാലത്ത് സ്ഥാപിച്ച പ്രശസ്തമായ സഹകരണ ആശുപത്രി ഒരു മെഡിക്കൽ കോളേജാണെന്ന് തട്ടിവിട്ടു. കേരളത്തിലാകെ രണ്ട് സഹകരണ മെഡിക്കൽ കോളേജുകളെ ആകെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് എറണാകുളത്തും മറ്റൊന്ന് പരിയാരത്തും. എറണാകുളത്തെ സഹകരണ കോളേജ് ശ്രീ കൃഷ്ണയ്യരുടെയും മറ്റും ആവശ്യപ്രകാരം സർക്കാർ ഏറ്റെടുത്തിരുന്നു.
ഇതൊന്നുമറിയാതെ എന്തൊക്കെ അബദ്ധമാണ് ആഭ്യന്തര മന്ത്രിയായിരുന്ന ഒരാൾ തട്ടി വിടുന്നത്? ഇദ്ദേഹം ഇപ്പോൾ പ്രതിപക്ഷ നേതാവ് കൂടിയാണെന്നോർക്കണം! എന്റെ മണ്ഡലത്തിലുളള സഹകരണ ആശുപത്രിക്ക് തുല്യമാണ് ഇദ്ദേഹം ഊറ്റം കൊള്ളുന്ന ഹരിപ്പാട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് എന്നാണ് പറയുന്നത്. എന്തബദ്ധമാണിത്? ഇത്തരത്തിലുള്ള ഒരു പ്രതിപക്ഷ നേതാവിൽ നിന്നും എങ്ങനെയാണ് ന്യായവും നീതിയും സത്യവും വെളിയിൽ വരുക?
എന്നു മാത്രമല്ല. അമ്പലപ്പുഴയിലേതൊരു സ്വകാര്യ ആശുപത്രിയല്ല. സഹകരണ വകപ്പിന്റെ കീഴിൽ സഹകരണ മന്ത്രി ചെയർമാനായ ഒരു സ്വകാര്യ വ്യക്തികളുമില്ലാതെ പൂർണമായും ഗവൺമെന്റിന്റേതായ ഒരു സഹകരണാശുപത്രിയാണ്. ഇതുപോലുള്ള എഴുപതോളം സഹകരണ ആശുപത്രികൾ കേരളത്തിലുണ്ട്. ഇതുപോലുമറിയാതെ നന്നായി നടക്കുന്നതിനെ ആക്ഷേപിക്കുകയും ആക്ഷേപം വന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മുൻ ആഭ്യന്തര മന്ത്രി, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് !
അദ്ദേഹത്തിനെതിരായി വ്യക്തിപരമായി ഒരന്വേഷണവും നടക്കുന്നില്ല "ഇപ്പോൾ" ! "ഇപ്പോളൊന്നുമില്ല". പക്ഷെ അദ്ദേഹം അസ്വസ്ഥനാണ്, വികാരാധീനനാണ്.
ഇത്തരത്തിലുള്ള വഴിവിട്ട ആരോഗ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാതെ വേണമെങ്കിലൊരു ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കാമായിരുന്നല്ലോ? എന്തിനാണ് സർക്കാർ ചെലവിലുള്ള സ്വാശ്രയത്തിന് പോയത്? ഒരു സർക്കാർ മെഡിക്കൽ കോളേജ് കൂടി ആലപ്പുഴയിൽ വേണമെന്ന് പറയാമായിരുന്നില്ലേ? അത് മെഡിക്കൽ കോളേജിൻറെ സാമീപ്യമില്ലാത്ത മാവേലിക്കര, കുന്നത്തൂർ, അടൂർ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങൾക്ക് സഹായകമാകുമാറ് ആലപ്പുഴയുടെ തെക്ക് കിഴക്കേ മേഖലയിൽ സ്ഥാപിക്കാമായിരുന്നു. ഇനി ഹരിപ്പാട് തന്നെ വേണമെങ്കിൽ ഒരു സർക്കാർ സ്ഥാപനം ആരംഭിച്ചു കൂടായിരുന്നുവോ?
താനും തന്റെ കൂടെ നിൽക്കുന്നവരും കൊണ്ടുവന്ന വികലമായ മെഡിക്കൽ കോളേജ് സങ്കല്പം ആളുകൾ ചോദ്യം ചെയ്യുമ്പോൾ അതിൽ വല്ല പ്രശ്നവുമുണ്ടോ എന്ന് പരിശോധിക്കാതെ ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് സംശയാസ്പദമാണ്.
ഓരോ കൊച്ചു കാര്യവുമെടുത്ത് വിജിലൻസിന് വിടുന്ന സമ്പ്രദായം രമേശ് ചെന്നിത്തലയും അദ്ദേഹത്തിൻറെ മുൻ സർക്കാരും ചെയ്ത കാര്യമാണ്. ഏതായാലും ഞങ്ങൾ രാഷ്ട്രീയമായ യാതൊരു പ്രതികാരവും ചെയ്യില്ലെന്ന് പിണറായി സഖാവ് പറഞ്ഞിട്ടുണ്ട്. സീരിയസ് ആയ പ്രശ്നങ്ങളാണ് ഞങ്ങൾ വിജിലൻസിന് വിടുന്നത്.
നല്ല തരത്തിൽ ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുകയാണ് ! ലളിതമായി, ഭദ്രമായി, സുദൃഢമായി, വളരെ പ്രതീക്ഷയോട് കൂടി! ജനങ്ങളുടെ നിറഞ്ഞ പിന്തുണയോടെ!
നന്ദി,
ജി.സുധാകരൻ