പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് അഞ്ച് പവന്റെ സ്വര്‍ണം തട്ടി, മണിച്ചിത്രത്താഴ് കണ്ട് സണ്ണിയെന്നും പേര് മാറ്റി; വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ച് വീണ്ടും വിവാഹം കഴിക്കുന്നതില്‍ വിരുതന്‍, ഒടുവില്‍ കുപ്ലിക്കാട് രമേശനെ പൊലീസ് പൊക്കി

രേണുക വേണു| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (09:25 IST)

പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് വിദഗ്ധമായി പിടികൂടി. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ കഴിയുകയായിരുന്നു പ്രതി. പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. വിവാഹിതരായ സ്ത്രീകളെ പ്രണയിച്ച് വശത്താക്കിയാണ് പ്രധാനമായും തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മണിച്ചിത്രത്താഴിലെ മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്താലാണ് തട്ടിപ്പിന് സണ്ണി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്. വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് പവന്റെ സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു. സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.

രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി അവരെ വിവാഹം കഴിച്ചു. രണ്ട് പെണ്‍കുട്ടികളായ ശേഷം 2019ല്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവരുമൊന്നിച്ച് കൊല്ലത്ത് ആഡംബരമായി താമസിക്കുമ്പോഴായിരുന്നു അറസ്റ്റ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :