വാഹന ഇൻഷ്വറൻസ് പ്രീമിയം തുക തട്ടിയ ഏജന്റിന് തടവ് ശിക്ഷ
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 15 ഡിസംബര്‍ 2022 (16:59 IST)
പാലക്കാട്: വാഹന ഇൻഷ്വറൻസ് പ്രീമിയം തുക തട്ടിയ കേസിൽ ഏജന്റിനു കോടതി ഒരു വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി കുലുക്കല്ലൂർ കൊന്നെപ്പുറത്ത് വീട്ടിൽ സന്തോഷിനെയാണ് പട്ടാമ്പി ഫാസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.എ.ഷെറിനാണ് ശിക്ഷിച്ചത്.
2012 ൽ മേലെ പട്ടാമ്പി തെക്കുമുറി താഴ്തത്തേതിൽ മുഹമ്മദ് ഷാരിഖ് നൽകിയ സ്വകാര്യ അന്യായത്തിലാണ് വിധിയുണ്ടായത്. ഇയാളുടെ വാഹന പ്രീമിയ തുകയായി 25000 നൽകിയത് കൈപ്പറ്റിയ ശേഷം സന്തോഷ് പോളിസി പുതുക്കി നൽകിയിരുന്നു. എന്നാൽ വാഹനം അപകടത്തിൽ പെട്ടപ്പോൾ നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പോളിസി മുടങ്ങിയതായി കാണുന്നതിനാൽ നഷ്ടപരിഹാരത്തുക നൽകാനാവില്ല എന്ന് ഇൻഷ്വറൻസ് കമ്പനി അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏജന്റ് പണം കൈപ്പറ്റിയ ശേഷം തന്റെ ചെക്ക് ഇൻഷ്വറൻസ് കമ്പനിക്കു നൽകിയെങ്കിലും അത് മടങ്ങിയിരുന്നു. പിന്നീട് അടച്ചതുമില്ല. അതിനാൽ ഏജന്റാണ് നഷ്ടപരിഹാരം കിട്ടാത്തതിന് ഉത്തരവാദി എന്നായിരുന്നു പരാതിക്കാരന്റെ വാദം. പോലീസിൽ പരാതി നൽകിയെങ്കിലും ഫലവത്താകാത്തതിനെ തുടർന്നാണ് മുഹമ്മദ് ഷാരിഖ് കോടതിയെ സമീപിച്ചത്.