മണവാളൻ സജി വിവാഹ തട്ടിപ്പിന് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (18:12 IST)
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് എന്ന പരാതിയെ തുടർന്ന് മണവാളൻ സജി എന്ന പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാറിനെ (47) പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട് ആളുകളെ വിളിച്ചു ബന്ധം ഉണ്ടാക്കിയ ശേഷമാണ് ഇയാൾ തട്ടിപ്പു നടത്തുന്നത്. കോട്ടയത്തെ നാട്ടകത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിവാഹ പരസ്യം നൽകുന്നവരെ ഫോണിലൂടെ ബന്ധപ്പെട്ട ശേഷം ഉന്നത ജോലിയാണെന്നും നല്ല സാമ്പത്തികം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പു നടത്തുന്നത്.

മാവേലിക്കര സ്വദേശിനിയെ വിവാഹ പരസ്യം വഴി ബന്ധപ്പെട്ട ഇയാൾ തന്റെ ആഡംബര കാർ അപകടത്തിലായെന്നും അതിന്റെ തകരാർ പരിഹരിക്കാൻ രണ്ടര ലക്ഷം രൂപ ആവശ്യമുണ്ടെന്നും പറഞ്ഞത് അനുസരിച്ചു അവർ പണം അയച്ചു കൊടുത്തു. പണം ലഭിച്ചശേഷം ഇയാളുടെ യാതൊരു അറിവും ഇല്ലാതായി. ഇയാൾ ഓൺലൈനിലൂടെയാണ് സാധാരണ ബന്ധപ്പെടുന്നത്. ഇയാളെ യുവതി നേരിട്ട് കണ്ടിട്ടുമില്ല.

ആദ്യം സുഹൃദ്ബന്ധം തുടങ്ങിയ സമയത്തു അയച്ച ചിത്രത്തിലെ ടീഷർട്ടിൽ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേര് വച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഈ സമയം ഇയാൾ നാട്ടകം സ്വദേശിനിക്കൊപ്പം താമസിക്കുകയായിരുന്നു. ഇയാൾ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിവാഹ തട്ടിപ്പ് നടത്തി എന്നാണു സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :