റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 20 ജനുവരി 2020 (08:00 IST)
നൂറണിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണ് 45 പേർക്ക് പരിക്കേറ്റു. അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ ധനരാജിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി നടത്തിയ പ്രദർശന മത്സരത്തിനിടെയാണ് അപകടം നടന്നത്. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നു വീണത്. മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്നവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
വൈകിട്ട് ആറുമണിയോടെ നിശ്ചയിച്ചിരുന്ന മത്സരം എട്ടുമണി വരെ നീളുകയായിരുന്നു. എന്നാൽ ഇത് എട്ടുമണി വരെ നീളുന്ന സാഹചര്യം ഉണ്ടായി. ഇന്ത്യൻ ഫുട്ബോൾ താരമായ ഹൈചുങ് ബൂട്ടിയ, ഐഎം വിജയൻ എന്നിവർ മത്സരിക്കാനിരിക്കെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറണിയിലെ ടർഫ് ഗ്രൗണ്ടിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.
മത്സരത്തിനായി ശനിയാഴ്ച തയ്യാറാക്കിയ താത്കാലിക ഗ്യാലറിയാണ് തകർന്നത്. ഷാഫി പറമ്പിൽ എംഎൽഎ, വികെ ശ്രീകണ്ഠൻ എംപി എന്നിവരും മത്സരം കാണാനെത്തിയിരുന്നു. കവുങ്ങ് ഉപയോഗിച്ചായിരുന്നു ഗ്യാലറിയുടെ നിർമ്മാണം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.