നേരിടാം ഒറ്റക്കെട്ടായ്, എല്ലാം മറന്ന് പ്രവർത്തിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

അപർണ| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (14:34 IST)
കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത പ്രളയഭീതിയിലാണ്. രക്ഷാപ്രവർത്തനത്തിന് ഒറ്റക്കെട്ടായി നിലകൊള്ളാൻ ജനങ്ങളോട് മുഖ്യമന്ത്രി ആ‍വശ്യപ്പെട്ടു. അടുത്ത നാലു ദിവസം കൂടി തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ രംഗത്തുളള ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നിർദേശം നൽകി.

കനത്തമഴയെ തുടർന്ന് വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിന്ശേഷം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അവസാനമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 35 ജലസംഭരണികളില്‍ നിന്നും ഇപ്പോള്‍ വെള്ളം തുറന്നു വിട്ടുക്കൊണ്ടിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത്. കുട്ടനാട്ടിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണം തകരാറിലായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് സെറ്റുകള്‍ പലതും കേടായി. ശുദ്ധീകരണ പ്ലാന്‍റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി ഈ സാഹചര്യം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.

ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വെളളം അവശ്യമുളള മേഖലകളില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ടാങ്കുകളില്‍ വെളളം സംഭരിച്ച് ബോട്ടുകളില്‍ ജനങ്ങള്‍ക്ക് എത്തിക്കണം. വാട്ടര്‍ അതോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്‍റെ ഉപയോഗം പരിമിതപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകള്‍ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുളള സ്ഥാലങ്ങളില്‍ ലഭ്യമാക്കണം. വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആര്‍മിയുടെയും വിഭാഗങ്ങളെ അയച്ചുകഴിഞ്ഞു. അത്യാവശ്യ സഹായത്തിന് അയല്‍ സംസ്ഥാനങ്ങളെ ബന്ധപ്പെടാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചിയിലേക്കുളള ചെറിയ വിമാനങ്ങള്‍ കഴിവതും കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്നറിയുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാനും തീരുമാനിച്ചു. കൂടാതെ വിമാനങ്ങള്‍ മുംബൈയിലേക്കും മറ്റും തിരിച്ചുവിടുന്നതിനു പകരം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും. കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടുന്ന വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചു.

പല ജില്ലകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറക്കമൊഴിഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവരെ സഹായിക്കുന്നതിന് ആവശ്യമുളള ജില്ലകളിലേക്ക് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാന കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കുടിവെള്ളം ലഭ്യമാക്കാനും തകരാറിലായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനും മറ്റുമുളള ചുമതലകള്‍ക്ക് മുതര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :