100 കിലോ തൂക്കമുള്ള പോത്തിനെ മോഷ്ടിച്ചത് മദ്യലഹരിയില്‍; മോഷണം നടത്തിയത് ബീഫ് കറി കഴിക്കാന്‍ കൊതിയായിട്ട്, ഉടമസ്ഥന്‍ അറിഞ്ഞപ്പോള്‍ യുവാക്കള്‍ ചെയ്തത് ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (11:07 IST)


മദ്യലഹരിയിലായിരുന്ന അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് മേയാന്‍വിട്ട പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്ത് വീതിച്ചെടുത്തു. ബീഫ് കറി വയ്ക്കാനായിരുന്നു അഞ്ച് പേരുടെയും പദ്ധതി. എന്നാല്‍, പോത്ത് മോഷണം പോയ കാര്യം ഉടമസ്ഥന്‍ അറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. പോത്തിന്റെ ഉടമസ്ഥന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് വീതിച്ചെടുത്ത ഇറച്ചി ഉപയോഗിക്കാതെ അഞ്ച് പേരും ചേര്‍ന്ന് കുഴിച്ചിട്ടു. ഒടുവില്‍ ഉടമസ്ഥന് പോത്തിന്റെ വില നല്‍കിയാണ് അഞ്ച് പേരും കേസില്‍ നിന്ന് തലയൂരിയത്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം.

സ്വാതന്ത്ര്യദിനത്തിന്റെ അന്ന് സുഹൃത്തുക്കളായ അഞ്ച് യുവാക്കള്‍ കട്ടപ്പന സ്വരാജ് ഫോറസ്റ്റ് പടിക്ക് സമീപത്തെ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോഴാണ് മേയാന്‍വിട്ട ഒരു പോത്തിനെ ഇവര്‍ കാണുന്നത്. ഒരാള്‍ പോത്തിന്‍കറി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സംഘത്തിലുണ്ടായിരുന്ന, മുന്‍പ് കശാപ്പുജോലി ചെയ്തിരുന്ന യുവാവിന്റെ നേതൃത്വത്തില്‍ പോത്തിനെ പിടിച്ചുകെട്ടി. രണ്ട് വയസ്സ് പ്രായമുള്ള പോത്തിന് ഏകദേശം നൂറ് കിലോ തൂക്കമുണ്ട്.

മേയാന്‍ വിട്ട പോത്തിനെ കാണാതായപ്പോള്‍ ഉടമസ്ഥന്‍ അന്വേഷിച്ച് ഇറങ്ങി. പോത്തിനായി നാട്ടില്‍ മുഴുവന്‍ തെരച്ചില്‍ നടക്കുകയാണെന്ന് അറിഞ്ഞ യുവാക്കള്‍ പരിഭ്രാന്തരായി. തുടര്‍ന്നാണ് വീതിച്ചെടുത്ത ഇറച്ചി സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന പൊലീസ് ഈ അഞ്ച് പേരെയും വിളിച്ച് ചോദ്യം ചെയ്തത്. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പോത്തിന്റെ വില ഉടമസ്ഥന് നല്‍കി അഞ്ച് പേരും തടിയൂരി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :