ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്

രേണുക വേണു| Last Modified ചൊവ്വ, 13 ജൂലൈ 2021 (15:00 IST)

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കോവിഡ്. വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിക്കാണ് നാല് ദിവസം മുന്‍പ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പഠന സംബന്ധമായ ആവശ്യത്തിനു ഡല്‍ഹിയിലേക്കു പോകാനുള്ള വിമാനയാത്രയ്ക്കു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗബാധിതയായ വിവരം അറിയുന്നത്. പെണ്‍കുട്ടിക്ക് കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്നതിനാല്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും ഞെട്ടി.

2020 ജനുവരി 31 നാണ് ഈ പെണ്‍കുട്ടിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ കേസായിരുന്നു അത്. വുഹാൻ മെഡിക്കൽ സർവകലാശാലയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന യുവതി ചൈനയിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.

രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടി ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :