അഭിറാം മനോഹർ|
Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (12:13 IST)
കുമ്പളയില്‍ കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മരിച്ച ഫര്‍ഹാസിന്റെ ബന്ധുക്കള്‍. അപകടത്തില്‍ പെട്ട കാറിനെ പിന്തുടര്‍ന്ന് വന്ന പോലീസുകാര്‍ മദ്യപിച്ചിരുന്നുവെന്നും പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
പോലീസുകാര്‍ മദ്യപിച്ചിരുന്നതായി ഫര്‍ഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും പറഞ്ഞതായി വിദ്യാര്‍ഥിയുടെ ബന്ധു റഫീഖ് പറയുന്നു. അതേസമയം സംഭവത്തില്‍ പോലീസ് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന പറഞ്ഞു. ഫര്‍ഹാസിന്റെ അമ്മ നല്‍കിയ പരാതിയില്‍ ജില്ലാ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു.
കുമ്പളയില്‍ പോലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ ഗവഃ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഫര്‍ഹാസ്(17) ഇന്നലെയാണ് മരിച്ചത്. പോലീസ് വാഹനം 5 കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കുമ്പള സ്‌റ്റേഷനിലെ എസ് ഐ രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു,രഞ്ജിത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പോലീസിലേക്കാണ് മാറ്റിയത്.