രാവിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് പകരം വന്നത് മദ്യം, ഞെട്ടലോടെ ഫ്ലാറ്റിലെ താമസക്കാർ; തൃശൂരിൽ സംഭവിച്ചത് ഇങ്ങനെ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (16:39 IST)
ടാപ്പ് തുറന്നപ്പോൾ പൈപ്പിൽ നിന്നും വന്നത് മദ്യം. തൃശൂർ സോളമൻസ് അവന്യൂ ഫ്ലാറ്റിലാണ് സംഭവം. ടാപ്പിൽ നിന്നും മദ്യം വരുന്നത് കണ്ട് ഫ്ലാറ്റിലെ താമസക്കാർ ഞെട്ടി. ഫ്ലാറ്റിലെ 18 കുടുംബങ്ങൾക്കും പൈപ്പിലൂടെ ലഭിച്ചത് മദ്യം കലർന്ന വെള്ളമായിരുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

എക്സൈസ് വകുപ്പാണ് സംഭവത്തിലെ വില്ലൻ. ആറ് വർഷം മുൻപ് അനധികൃതമായി പിടിച്ചെടുത്ത മദ്യം നശിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് തെറ്റായ രീതിയിൽ നശിപ്പിച്ചതാണ് ഫ്ലാറ്റുകാരുടെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായത്.

ആറ് വർഷം മുൻപ് 6000 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. ബാറിന് സമീപത്ത് വലിയ കുഴി എടുത്ത് ഈ മദ്യം മുഴുവൻ കുഴിയിലേക്ക് ഒഴിക്കുകയായിരുന്നു. ഇതിനടുത്താണ് സോളമൻസ് അവന്യുവിലെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കിണറുള്ളത്. മണ്ണിലേക്ക് കലർന്ന മദ്യം ഇപ്പോൾ കിണറ്റിലെ വെള്ളത്തിലേക്ക് കലർന്നു. ഇതാണ് ഫ്ലാറ്റിലെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ പരിഹാരം കണ്ടെത്തി തരാമെന്ന് എക്സൈസ് വകുപ്പ് താമസക്കാരെ അറിയിച്ചു. പുതിയ കിണർ സ്ഥാപിക്കുന്നതുവരെ വെള്ളം ശുദ്ധീകരിക്കാമെന്നും കുടിക്കാനായി വെള്ളം എത്തിക്കാമെന്നും എക്സൈസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :