പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങളില്‍ നാണയംവച്ച് പൂജ, 17 കാരിയെ പീഡിപ്പിച്ചു, പൂജ നടക്കുമ്പോള്‍ 'അച്ഛന്‍' പ്രത്യേക കോഡ്; ആഭിചാരക്രിയകള്‍ നടത്തിയിരുന്ന തൃശൂര്‍ സ്വദേശി പിടിയില്‍

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (10:50 IST)
ആഭിചാരക്രിയകളുടെ മറവില്‍ 17 കാരിയെ പീഡിപ്പിച്ച കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകള്‍ ചെയ്തുവന്നിരുന്ന സ്വാമിയെ പോക്‌സോ നിയമപ്രകാരമാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവാണ് അറസ്റ്റിലായത്.

യുട്യൂബില്‍ അടക്കം പരസ്യം നല്‍കിയാണ് ഇയാളുടെ ഇടപാടുകള്‍. വീട് തന്നെയാണ് ക്ഷേത്രമായി ഉപയോഗിക്കുന്നത്. പൂജകള്‍ നടത്താന്‍ വീട്ടില്‍ പ്രത്യേക സജ്ജീകരണങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മന്ത്രവാദത്തിനും ക്രിയകള്‍ക്കുമായി ആളുകള്‍ ഇവിടെ എത്തിയിരുന്നു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യ ശരീരഭാഗങ്ങളില്‍ അടക്കം നാണയംവച്ചാണ് ഇയാള്‍ പൂജ നടത്തിയിരുന്നത്. പൂജ നടക്കുന്ന സമയത്ത് വിശ്വാസികള്‍ക്ക് പ്രത്യേക കോഡ് പറഞ്ഞുകൊടുക്കും. പൂജ നടക്കുമ്പോള്‍ 'അച്ഛന്‍' എന്ന് മാത്രമേ വിളിക്കാവൂ എന്നാണ് ഇയാള്‍ വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.

നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. ആഭിചാരക്രിയകള്‍ തുടങ്ങി ചുരുങ്ങിയ കാലംകൊണ്ട് ഇയാള്‍ വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും വാങ്ങി. ഭക്തരാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ രാജീവിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്. മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :