ഇടുക്കി|
Last Modified വെള്ളി, 4 ജൂലൈ 2014 (18:49 IST)
പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്ഡില്‍ ഒന്നരപ്പതിറ്റാണ്ടായി ചികിത്സ നടത്തിവരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. രാജാക്കാട് രാജകുമാരി പഞ്ചായത്തിലെ ഖജനാപ്പാറയില്‍ ചികിത്സ നടത്തിവന്ന തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി മുരുകേശന്‍ (69) ആണ് അറസ്റ്റിലായത്.
ദിവസവും രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് രാജാക്കാട്ടേയ്ക്കുള്ള ബസിലാണ് ഇയാള്‍ എത്തുന്നത്. ചികിത്സയും ബ്ലേഡ് ഇടപാടും നടത്തിയ ശേഷം ഉച്ചതിരിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു രീതി.
കഴിഞ്ഞ ദിവസം രാവിലെയാണ് മുരുകേശന് ബ്ലേഡ് ഇടപാടുകളുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചത്.
ഇതനുസരിച്ച് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി
എസ് പി യുടെ നിര്‍ദ്ദേശപ്രകാരം അടിമാലി സിഐ, രാജാക്കാട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഖജാനാപ്പാറയിലെ ക്ലിനിക്കിലെത്തി റെയ്ഡ് നടത്തിയതില്‍. ആറ് ചെക്ക്, എട്ട് പ്രൊമിസറി നോട്ട്, 18 ആധാരം, ആറ് ബ്ലാങ്ക് ചെക്ക്, മൂന്ന് മുദ്രപ്പത്രം, സ്റ്റാമ്പ് ഒട്ടിച്ച മൂന്ന് വെള്ളപേപ്പര്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ ഡോക്ടറാണെന്ന് മനസിലായത്.
ലൈംഗിക ഉത്തേജന മരുന്ന് ഉള്‍പ്പെടെ ഒന്നരലക്ഷം രൂപയുടെ മരുന്നുകളും ക്ലിനിക്കില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. പതിനഞ്ച് വര്‍ഷമായി ഇയാള്‍ ഇവിടെ ചികിത്സ നടത്തിവരികയാണ്. ഏലക്കാടുകളില്‍ ജോലി നോക്കുന്ന നൂറുകണക്കിന് ആളുകളുടെ ചികിത്സ ഈ വ്യാജ ഡോക്ടറാണ് ഇക്കാലമത്രയും നടത്തിയിരുന്നത്.
പ്രതിക്കെതിരെ മണിലെന്റിംഗ് ആക്ട് പ്രകാരവും വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും കേസെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായിരുന്നു മുരുകേശനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.