എരുമേലി പേട്ടതുള്ളല്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളോടെ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 11 ജനുവരി 2021 (19:55 IST)
എരുമേലി: ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന് മുമ്പ് ഭക്തിപൂര്‍വ്വം നടക്കുന്ന എരുമേലിയിലെ വര്‍ണാഭമായ പേട്ടതുള്ളല്‍ ഇത്തവണ കോവിഡ്
നിയന്ത്രണ ങ്ങളോടെയാവും നടത്തുക. പേട്ടതുള്ളലിന് ഹരം പകരുന്ന നാദങ്ങളുടെയും വര്ണങ്ങളുടെയും വിസ്മയങ്ങള്‍, ആരവങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും. എരുമേലി പേട്ടതുള്ളലില്‍ അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളിലെ 50 പേര്‍ക്ക് വീതം മാത്രമാണ് ഇത്തവണ അനുമതിയുള്ളത്.

കഴിഞ്ഞ ഇരുപതു വര്ഷങ്ങളായി അമ്പലപ്പുഴ സംഘത്തെ നയിക്കുന്ന കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഇത്തവണ കോവിഡ്
പശ്ചാത്തലം, ഡോക്ടര്‍മാരുടെ ഉപദേശം എന്നിവ പരിഗണിച്ച് പങ്കെടുക്കില്ല. പകരം ഗോപാലകൃഷ്ണന്‍ നായരാണ് പെരിയാനായി പേട്ട തുള്ളലില്‍ പങ്കെടുക്കുന്നത്.

ഇതിനൊപ്പം പരമാവധി മൂന്നു പേര്‍ക്ക് മാത്രമാണ് വാദ്യമേളങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ചമയങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പമ്പാ സദ്യ ഇല്ല. ഇതിനൊപ്പം മണിമലക്കാവിലെ ആഴി പൂജ കഴിഞ്ഞുള്ള രഥ ഘോഷ യാത്രയും വേണ്ടെന്നു വച്ചിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിലാണ് എരുമേലിയിലേക്ക് വരുന്നത്.

ഇതുപോലെ ആലങ്ങാട് സംഘവും കാവടി, ചെണ്ടമേളം, തെയ്യം എന്നിവയുടെ അകമ്പടി ഇല്ലാതെയാവും എത്തുന്നത്. ആഴി പൂജയ്ക്കായി അഴുതയില്‍ വരുന്നത് വാഹനത്തിലാണ്. ഇരു സംഘങ്ങളുടെയും ശബരിമലയിലേക്കുള്ള പരമ്പരാഗത പാതവഴിയുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. പകരം വാഹനത്തിലാണ് പമ്പയിലേക്ക് പുറപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :