ഇന്ത്യയിലാദ്യമായി എല്ലാ വിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറും: മുഖ്യമന്ത്രി

എറണാകുളം| ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:03 IST)
കൊച്ചിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന വിവിധ പദ്ധതികളുടെ വികസനത്തോടെ ഇന്ത്യയിലാദ്യമായി എല്ലാ വിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായ് കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയായ ചമ്പക്കര നാലുവരി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇതില്‍ കൊച്ചി മെട്രോ നിര്‍വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊച്ചി മെട്രോ കേവല ഗതാഗത ഉപാധി മാത്രമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖ കൂടിയാണ്. വൃത്തിയുള്ള കോച്ചുകളുമായി എത്തിയ കൊച്ചി മെട്രോ സര്‍വീസ് മലയാളി ജീവിതത്തിന്റെ അടയാളമായി മാറി. ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി ഇവയുമായെല്ലാം ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖഛായ തന്നെ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങളാണ് കെ.എം.ആര്‍.എല്‍ പുതിയ പദ്ധതികളിലൂടെ നല്‍കുന്നത്. കൊച്ചി വാട്ടര്‍ മെട്രോ അത്തരത്തിലുള്ള ഒന്നാണ്. വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷമാദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ദ്വീപ് നിവാസികളുടെ പുരോഗതിക്ക് വാട്ടര്‍ മെട്രോ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :