വൈദ്യുതി പ്രതിസന്ധി: കേരളം തമിഴ്‌നാടിന്റെ സഹായം തേടി

വൈദ്യുതി,കേരളം, തമിഴ്‌നാട്
തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (13:31 IST)
കേരളം നേരിടുന്ന ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി. കാറ്റില്‍നിന്ന് തമിഴ്‌നാട് അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന് നല്‍കി സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‌നാട് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കുന്ന നിരക്കിലും വ്യവസ്ഥകളിലും വൈദ്യുതി വാങ്ങുവാന്‍ സംസ്ഥാനം തയ്യാറാണ്. തമിഴ്‌നാടിന് വൈദ്യുതി പ്രതിസന്ധി ഉണ്ടായ കാലത്ത് കെഎസ്ഇബിയും തമിഴ്‌നാട് വൈദ്യുതോല്പാദന വിതരണ കോര്‍പ്പറേഷനും തമ്മില്‍ ഉണ്ടാക്കിയതുപോലുള്ള കരാറാകാമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മണ്‍സൂണ്‍ മഴ വൈകിയതും കേന്ദ്രവിഹിതത്തില്‍ കുറവു വന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും ജലവൈദ്യുതനിലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടേണ്ടി വന്നതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും അത് തികയുന്നില്ല. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :