സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (15:19 IST)
മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന 28ന്. 30 വരെ പത്രിക പിന്‍വലിക്കാം.
തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സപ്ലിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയായി വരുന്നു. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പരിശീലനം ഉടന്‍ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും.
12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.