തിരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ പരസ്യമായി നഗരത്തില്‍...!

കല്‍പ്പറ്റ| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (18:12 IST)
കേരളത്തില്‍ ഒളിഞ്ഞും മറഞ്ഞും ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന മാവോയിസ്റ്റുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്തെത്തി. വയനാട് തിരുനെല്ലിയില്‍ ഇന്നലെ വൈകിട്ടോടെ എത്തിയ സംഘം നഗരത്തില്‍ ജനങ്ങളെ സാക്ഷിയാക്കി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍.

സംഘത്തില്‍ അഞ്ചിലധികംപേര്‍ ഉള്ളതായാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം. നഗരമദ്ധ്യത്തില്‍ മുദ്രാവാക്യം മുഴക്കിയ സംഘം സമീപത്തെ കടയില്‍നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങിയ ശേഷമാണ് മടങ്ങിയത്. കൂടാതെ തിരുനെല്ലിയിലെ അംബികാ ലോഡ്ജിന് സമീപം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള പോസ്റ്ററുകളും മാവോയിസ്റ്റുകള്‍ പതിച്ചു. പട്ടിണിക്കും ദുരിതത്തിനും പരിഹാരം തെരഞ്ഞെടുപ്പല്ല, തിരുനെല്ലിയിലെ സ്വകാര്യ ടൂറിസ്റ്റ് റിസോര്‍ട്ടുകളെ കെട്ടുകെട്ടിക്കണമെന്നും സഥലത്ത് വിതരണം ചെയ്ത കാട്ടുതീ മാസികയുടെ പുതിയ പതിപ്പില്‍ ആഹ്വാനം ചെയ്യുന്നു.

മാവോയിസ്റ്റ് സാന്നിധ്യം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയതായും ആരോപണമുണ്ട്. ജനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആവശ്യപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റ് സംഘം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്തെത്തിയത് ഭീതി പരത്തിയിട്ടുണ്ട്. എന്നാല്‍ സംഭവ സമയത്ത് പൊലീസ് എത്താന്‍ വൈകിയതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :