സാമുദായിക സ്‌പര്‍ധ വളര്‍ത്തുന്ന പ്രചാരണം; എസ്‌എന്‍ഡിപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (19:50 IST)
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തി എന്ന ആരോപണത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. ചങ്ങനാശ്ശേരി എസ്‌എന്‍ഡിപി യൂണിയനാണ്‌ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട്‌ നോട്ടീസയച്ചത്‌. ഈ മാസം മുപ്പതിന്‌ വൈകീട്ട്‌ 3 മണിക്ക്‌ ചങ്ങനാശ്ശേരി എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റും സെക്രട്ടറിയും നോട്ടീസ്‌ അച്ചടിച്ച പ്രസ്സിന്റെ ഉടമയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മുമ്പാകെ നേരിട്ട്‌ ഹാജരാകാനാണ്‌ നിര്‍ദേശം.

നമ്മുടെ ദൈവമായ ശ്രീനാരായണ ഗുരുവിനെ നിന്ദയോടുകൂടി ആക്ഷേപിച്ച സിപിഎമ്മിന്‌ തക്ക ശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നോട്ടീസിറക്കിയാണ്‌ യൂണിയന്‍ പ്രചാരണം നടത്തിയത്‌. നോട്ടീസിലെ ഈ പരാമര്‍ശമാണ്‌ കമ്മീഷന്‍ പരിശോധിക്കുക. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം എ വി റസ്സല്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നേരിട്ട്‌ ഹാജരായില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആരോപണ വിധേയര്‍ക്ക്‌ നടപടിയെടുക്കും. കേരളാ പഞ്ചായത്തീ രാജ്‌ ആക്‌ട് 121 വകുപ്പ്‌ പ്രകാരവും മുനിസിപ്പാലിറ്റി ആക്‌ട് 145 വകുപ്പ്‌ പ്രകാരവും മതം, വംശം, ജാതി ആധാരമാക്കി തെരെഞ്ഞെടുപ്പില്‍ സാമുദായിക സ്‌പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയാല്‍ മൂന്ന്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :