കോഴിക്കോട്ട് പെരുമാറ്റചട്ട ലംഘനം; 10,097 പരാതികള്‍ ലഭിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (19:36 IST)
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 10,097 പരാതികള്‍. വ്യക്തിഹത്യ, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം എന്നിവയുമായി ബന്ധപ്പെട്ട 17 കേസുകളാണ് ലഭിച്ചത്. ഇതില്‍ ഏഴെണ്ണത്തില്‍ ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള ജില്ലാതല മോണിറ്ററിംഗ് സമിതി നടപടി സ്വീകരിച്ചു. പത്തെണ്ണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡ്, കൊടി, തോരണം, പോസ്റ്റര്‍, ബാനര്‍ എന്നിവ ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണ്.

ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പോലീസ് എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്. ഓരോ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :